Police Story- ഒരു സിനിമാക്കഥ
ഇതൊരു സംഭവകഥ ആണ് . 1989 -90 കാലഘട്ടത്തിൽ നടന്ന ഒരു കഥ.
സംഭവം കഥ ആകുമ്പോൾ അത് ട്രാജഡി കോമഡി എന്നൊക്കെ പറയാറുണ്ടല്ലോ? ഈ കഥ ട്രാജഡി ആയിരുന്നോ അതോ കോമഡി ആയിരുന്നോ ? എന്തായാലും ഈ സംഭവം ഓർക്കുന്നത് എനിക്ക് ഭയങ്കര നൊസ്റ്റാൾജിയ സമ്മാനിക്കാറുണ്ട്.
വിശ്വപ്രസിദ്ധമായ എറണാകുളം സെൻറ് ആൽബെർട്സ് കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ നടന്ന ഒരു സംഭവം ആണ് . കുട്ടുകാരൊത്ത് ഒരു സിനിമയ്ക്ക് പോയ കഥ.
"പോലീസ് സ്റ്റോറി" .
ഇപ്പൊ മനസ്സിലായോ തലക്കെട്ട് എങ്ങിനെ വന്നെന്ന് ?
പതിവ് പോലെ രാവിലെ എറണാകുളം കച്ചേരിപടി ബസ് സ്റ്റോപ്പിൽ സെൻറ് അന്തോണീസിലെ പെൺകുട്ടികൾ എല്ലാരും ക്ലാസ്സിൽ കയറി എന്ന് ഉറപ്പാക്കിയതിന് ശേഷം സെൻറ് ആൽബെർട്സ് കാന്റീനിൽ ഒത്ത് കൂടി വിൽ ഡുറന്റിൽ ( Will Durant )* നിന്ന് രക്ഷപെട്ട ആശ്വാസത്തിൽ ഓരോ ചായ കുടിച്ച് ഇരിക്കുമ്പോൾ ആണ് ക്ലാസ്സ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകാനുള്ള ഐഡിയ ഉദിച്ചത് .
സെ ക്കൻറ് ആൻഡ് തേർഡ് അവർസ് പ്രാക്ടിക്കൽ !
പ്രാക്ടിക്കൽ കട്ട് ചെയ്താൽ ഡിസക്ഷൻ ടേബിളിൽ ശവാസനത്തിൽ മലർന്നു കിടക്കുന്ന തവളകൾ** ഇന്ന് പറക്കാൻ കഴിയില്ലല്ലോ എന്നോർത്തു ആത്മഹത്യ ചെയ്തു കളഞ്ഞേക്കാം . അതിനാൽ പ്രാക്ടിക്കൽ മുടക്കാൻ ആവില്ല.
ഉച്ചക്ക് ശേഷം മാറ്റിനിക്ക് പോകാൻ തീരുമാനം ആയി.
പ്രാക്ടിക്കൽ കഴിഞ്ഞ ഉടനെ എല്ലാവരും - ഞാൻ, ഫാറൂഖ്,പീറ്റർ, ശശി, ഹാരിസ്, സുരേഷ്, കുട്ടൻ ഉണ്ടായിരുന്നോ എന്ന് ഓർമയില്ല.മനോജ്, ഫ്രാൻസിസ്( ബച്ചൻ) കൂടെ നേരെ അശോക് ഭവനിലേക്ക് വെച്ച് പിടിച്ചു . വെയ്റ്ററോട് കഴിക്കാൻ എന്തൊക്കെ ഉണ്ട് എന്ന് കോറസ് ..!
നിങ്ങൾക്ക് മസാല ദോശയും മൈസൂർ പാക്കും അല്ലേ വേണ്ടത് ?
വേറെന്താ ഉള്ളത് ?
ഊണ് വേണെങ്കിൽ മുകളിൽ പോകണം ( മുകളിലത്തെ നില ആണ് പുള്ളി ഉദ്ദേശിച്ചത് )
വേറെ...?
ദോശ, മസാല ദോശ,നെയ് റോസ്റ്റ് , ഊത്തപ്പം, ഒനിയൻ ഊത്തപ്പം, ടോമാറ്റോ ഊത്തപ്പം, വട, ചപ്പാത്തി കുറുമ , ചപ്പാത്തി സെറ്റ്, സ്പെഷ്യൽ മസാല ദോശ, പിന്നെ ഇഡ്ഡലി സാംബാർ, വട സാമ്പാർ, തൈർ സാദം , സാമ്പാർ സാദം .............!!!??
ഇത്രയും, ഇനിയുമെന്തൊക്കെയോ പറഞ്ഞ് അയാൾ ശ്വാസം വിടുമ്പോൾ എന്നും പറയുന്ന സ്ഥിരം പല്ലവി .. "മസാലദോശ, മൈസൂർപാക്ക് ..കോഫി ..!"
ഒരുപാട് തന്തക്ക് വിളി ഞങ്ങൾ കേൾക്കാതെ വിളിച്ചിട്ടുണ്ടാവണം അയാൾ.
ഷേണായ്സ് തിയേറ്ററിൽ "ജാക്കി അച്ചായന്റെ*** പോലീസ് സ്റ്റോറി" റിലീസ് ചെയ്ത ദിവസം , നല്ല തിരക്കായിരുന്നു തീയറ്ററിൽ. പൊരിഞ്ഞ ഇടി. ജില്ലയിലെ കോളേജ് പിള്ളേരെല്ലാം അവിടെ ഗേറ്റ് തുറക്കാൻ കാത്തു നിൽക്കുന്നു.
ഉന്ത്, തള്ള് , തള്ളക്ക് വിളി , നിന്നെ പിന്നെ കണ്ടോളാം പോർവിളികൾ ! ആകെ ഒരു യുദ്ധ അന്തരീക്ഷം.!
ഗേറ്റ് തുറന്നതിനു ശേഷം അകത്തു കയറാം എന്ന് വിചാരിച്ചാൽ ചിലപ്പോൾ ടിക്കറ്റ് കിട്ടില്ല.
അതിനുള്ള ജനം കാലത്ത് മുതൽ അവിടെ കാത്ത് നിൽപ്പുണ്ട് .
രാവിലെ മുതൽ പ്ലാൻ ചെയ്തിട്ട് പടം കാണാതെ മടങ്ങാനോ? എന്താ വഴി?
ഗേറ്റ് തുറക്കാൻ സെക്യൂരിറ്റി ദൂരെനിന്ന് വരുന്നത് കണ്ടപ്പോൾ തന്നെ ഉന്തും തള്ളും ആയി നിന്നവർ ഓരോരുത്തർ ആയി തീയറ്ററിന്റെ മതിൽ ചാടി അകത്തു കടക്കാൻ തുടങ്ങി .
ഇനി നോക്കി നിന്നാൽ ഇന്ന് പടം കാണൽ ഉണ്ടാവില്ല..! ഒറ്റ ചാട്ടത്തിനു മതിലിനു മുകളിൽ എത്തി.
ആരും അതിക്രമിച്ച് കടക്കാതിരിക്കാൻ ഫിറ്റ് ചെയ്തിരിക്കുന്ന കമ്പി വേലിക്കിടയിലൂടെ താഴേക്ക് തിയേറ്റർ കോമ്പൗണ്ടിൽ ചാടി വീണ് 'Q' വിലേക്ക് ഓട്ടമത്സരം .. കൂടെ ഹാരിസും ഫാറൂഖും .!
കമ്പി വേലിക്കിടയിലൂടെ താഴേക്ക് ചാടുന്നതിനിടയിൽ ഇടത് കൈ എവിടെയോ ഒന്ന് ഉടക്കിയോ എന്ന ചിന്ത ഓട്ടത്തിനിടയിൽ വന്നു പോയി. കാര്യം ആക്കിയില്ല .
ഒരാൾക്ക് കഷ്ടിച്ച് ശ്വാസം വിട്ട് നിൽക്കാൻ മാത്രം വീതിയുള്ള ക്യൂ വിൽ കൈകൾ മേലോട്ട് ഉയർത്തിപിടിച്ച് ശ്വാസം എടുത്ത് നിൽക്കുമ്പോഴാണ് ഇടത് കൈയിൽ ഒരു നനവ് തോന്നിയത് നോക്കുമ്പോൾ കൈയിൽ നിന്ന് ധരിച്ചിരുന്ന ഷർട്ടിലേക്കും, താഴെ നിലത്തേക്കും ഇറ്റ് വീഴുന്ന രക്തം . ഓട്ടത്തിനിടയിൽ തോന്നിയത് തോന്നൽ ആയിരുന്നില്ല എന്ന് വ്യക്തം ആയത് അപ്പോഴാണ് .
കൈയിൽ ഉള്ള തൂവാല കൊണ്ട് മുറിവ് അമർത്തി കെട്ടി ക്യൂ വിന് പുറത്തിറങ്ങി സുരേഷിനെയും കൂട്ടി അടുത്തുള്ള ക്ലിനിക്കിലേക്ക് ഓടുമ്പോൾ മുറിവ് വച്ച് കെട്ടി വേഗം മടങ്ങി വരാം എന്നായിരുന്നു പ്ലാൻ.
എന്ത് പറ്റി എന്ന ഡോക്ടറുടെ ചോദ്യത്തിന് മതിൽ ചാടിയ കഥ പറയേണ്ട കാര്യം ഉണ്ടായിരുന്നില്ല എന്ന് ഡോക്ടറുടെ പിന്നീടുള്ള പെർഫോമൻസ് കണ്ടപ്പോൾ തോന്നി..!
ഒരു രോഗിയേയും ഇങ്ങിനെ വഴക്ക് പറയരുത്.പ്രത്യേകിച്ച് താഴെ വീണ് വാൽ മുറിഞ്ഞു ( സോറി, കൈ മുറിഞ്ഞു ) നിൽക്കുമ്പോൾ.
മുറിവ് പരിശോധിച്ച് സ്റ്റിച്ച് ഇടണം എന്ന് പറഞ്ഞപ്പോൾ ആണ് സംഭവം സീരിയസ് ആണെന്ന് മനസ്സിലായത് .
5 സ്റ്റിച്ച് ഇടേണ്ടി വന്നു, ഇഞ്ചക്ഷൻ, മരുന്ന്, ഗുളിക എല്ലാം വേറെ !!
പക്ഷെ സിനിമയ്ക്ക് പോയിട്ട് സിനിമ കാണാതെ മടങ്ങി വരുന്നത് എങ്ങിനെ? തിയേറ്ററിൽ തിരിച്ചെത്തുമ്പോൾ പേരെഴുതി കഴിയുന്നതേ ഉള്ളൂ . ( അന്ന് ശ്വാസകോശവും , ജനഗണമനയും തീയേറ്ററിൽ എത്തിയിട്ടില്ല ) ജാക്കി അച്ചായന്റെ അഭ്യാസപ്രകടനങ്ങൾ മുഴുവൻ കണ്ടതിനു ശേഷം വീട്ടിലേക്ക് ..?
അയൽവക്കത്തെ ചേച്ചി ആ വഴി ബസ്സിൽ പോയപ്പോൾ ഞാൻ തീയേറ്ററിന്റെ മതിലിനു മുകളിൽ നിൽക്കുന്നത് കണ്ട കാഴ്ചാവിവരണം അവിടെ കിട്ടി കഴിഞ്ഞിരുന്നു.
അമ്മയുടെയും അച്ഛന്റെയും പെർഫോമൻസ് എന്തായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ ?? കൈ മുറിഞ്ഞത് എങ്ങിനെയാണെന്ന നല്ല ഒരു കളവ് ആലോചിച്ച് കണ്ട് പിടിച്ചത് വേസ്റ്റ്.!
അമ്മയുടെ വക സ്പെഷ്യൽ അവാർഡും കിട്ടി .
അങ്ങിനെ ഇന്നും കയ്യിൽ പഴയ മുറിപ്പാട് കാണുമ്പോൾ ജാക്കി അച്ചായന്റെ "പോലീസ് സ്റ്റോറി" ഓർമ വരും. 29 വർഷം മുൻപ് കിട്ടിയ അവാർഡും !
വാചകങ്ങളുടെ സാരം : -
*ഫസ്റ്റ് അവർ ഇംഗ്ലീഷ് സാഹിത്യം (Will Durant ) ആയത് ആ വഴിക്ക് പോകാറേ ഇല്ല. അത് കൊണ്ട് ക്ലാസ്സ് കട്ട് ചെയ്യേണ്ട ആവശ്യം ഇല്ല.
** സുവോളജി ലാബിലെ തവളകൾ ജനൽ വഴി പുറത്തേക്ക് പറക്കുന്നത് കോളേജിലെ ഒരു സ്ഥിരം സംഭവം ആയിരുന്നു.അത് വേറൊരു കഥയായി പറയാം - ഹൊറിഫിക്, ട്രാജിക് കോമഡി
*** അതെ "ജാക്കി ചാൻ " തന്നെ.
NB : ഇത് ലാടൻ തന്നെ 2016 ഫെബ്രുവരി മാസം 14 ന് പ്രസിദ്ധിയ്ക്കരിച്ച പോസ്റ്റ് ( 2018 ഡിസംബർ 18 നു )എഡിറ്റ് ചെയ്തതാണ് .