2022 നവംബർ 11, വെള്ളിയാഴ്‌ച

ആൾക്കൂട്ടം : (പാഠം 2)


ആൾക്കൂട്ടം

 

അമ്മയുടെ ഒച്ചയാണല്ലോ കേൾക്കുന്നത്..അമ്മ ഉച്ചത്തിൽ കുരച്ച് കൊണ്ടാണ്  വരുന്നത് . എന്തിനാ ഇങ്ങിനെ ഓടുന്നത് ? ആരൊക്കെയോ അമ്മയുടെ പുറകെ ഓടി വരുന്നുണ്ടല്ലോ.. അമ്മയുടെ കൂട്ടുകാരും ഉണ്ടല്ലോ..എവിടേക്കാണ് എല്ലാരും കൂടെ ഓടുന്നത് ?

കല്ലും വടിയും ഒക്കെയായി ഒരു കൂട്ടം മനുഷ്യർ അവരുടെ പുറകെ ഓടുന്നുണ്ട്.

അമ്മയുടെയും കൂട്ടരുടെയും പുറകെ  ഓടുന്ന മനുഷ്യർ എന്തൊക്കെയോ ഒച്ച വയ്ക്കുന്നുണ്ട് . പിടിയെടാ..അടിയെടാ..എറിയെടാ എന്നൊക്കെ ..ഇവർ എന്ത് കളിയാണോ ആവോ കളിക്കുന്നത്.

അമ്മ എന്താ എൻ്റെ അടുത്തേക്ക്  വരാതെ ഓടി പോകുന്നത്? ഞാൻ ഇവിടെ ഉള്ള കാര്യം മറന്നു പോയിക്കാണുമോ ?

എനിക്കും അവരുടെ കൂടെ ഓടാൻ തോന്നുന്നുണ്ട് .പക്ഷെ , ആൾക്കൂട്ടം കണ്ടാൽ അടുത്തേക്ക് പോകരുത് എന്ന് അമ്മ  പറഞ്ഞിട്ടുണ്ട്. മനുഷ്യർ ഒറ്റയ്ക്ക് ആണെങ്കിൽ നമ്മളെ ഒന്നും ചെയ്യില്ല... പക്ഷെ ഒരു കൂട്ടം മനുഷ്യർ.. 

അവർ എന്താ, എപ്പോഴാ ചെയ്യുക എന്ന് പറയാൻ പറ്റില്ല. ആൾക്കൂട്ടത്തിന് എന്തെങ്കിലും ചെയ്യാൻ കാരണം വേണ്ട.. അധിക നേരവും വേണ്ട. അമ്മയ്ക്ക് പക്ഷെ ആൾക്കൂട്ടത്തെ പേടിയില്ല.

അമ്മ പറഞ്ഞ പോലെ എല്ലാവർക്കും ശൗര്യം കൂടുന്നത് കൂട്ടം കൂടുമ്പോൾ ആണ്.

"ആൾക്കൂട്ടം" അമ്മയുടെയും കൂട്ടരുടെയും പുറകെ അവർ കുറേപ്പേരുണ്ടല്ലോ.കൈയിൽ കല്ലും വടിയും ഒക്കെ ഉണ്ട്. ചിലർ അവിടെയും  ഇവിടെയും ഒക്കെ പരതുന്നുണ്ട് . ഇവർ എന്താണ് പറയുന്നത്ഒന്നും മനസ്സിൽ ആകുന്നില്ല.. "പേപ്പട്ടി" എന്ന് പറയുന്നുണ്ടോ ?

ഇവർ എന്താ ഈ ചെയ്യുന്നത്? അവർ കളിക്കുകയല്ല എന്ന്  തോന്നുന്നു. ആൾക്കൂട്ടം അവരെ ഓടിക്കുന്നതാണ്. അവർ അമ്മയെയും കൂട്ടരെയും കല്ലെറിഞ്ഞൊടിക്കുകയാണോ.? അമ്മ എന്റെ അടുത്തേക്ക് വരാതെ നേരെ ഓടുകയാണ് . ആൾക്കൂട്ടം പോയി കഴിയുമ്പോൾ അമ്മ തിരിച്ചു വരും.

മനുഷ്യർ എന്നെ കണ്ടാൽ എടുത്ത് കൊണ്ട് പോകും എന്നാ അമ്മയുടെ പേടി. എന്നെ കാണാൻ നല്ല ഭംഗിയാണല്ലോ.. മനുഷ്യർക്ക് ഭംഗിയുള്ള നായക്കുട്ടികളെ ഇഷ്ടമാണ്.

അത് കൊണ്ടാ അമ്മ ഇങ്ങോട്ട് വരാതെ നേരെ ഓടുന്നത്..ആൾക്കൂട്ടം എന്നെ കാണാതിരിക്കാൻ..എടുത്ത് കൊണ്ട് പോകാതിരിക്കാൻ.

അമ്മയ്ക്ക് ഞാൻ മാത്രമല്ലേയുള്ളൂ..!

......................................................................................................................................

ദൂരെ നിന്ന് ഒരു വണ്ടി  വരുന്നുണ്ടല്ലോ ! ഞാൻ കണ്ടിട്ടുണ്ടല്ലോ ഈ വണ്ടി..  ഇതിൽ നിന്ന്  കിട്ടിയ  ഇറച്ചി ആണ് അമ്മ എനിക്ക് കൊണ്ട് വന്ന് തന്നത്.

"കോർപറേഷൻ വണ്ടി" എന്നാ അമ്മ  പറഞ്ഞത്. നമുക്കൊക്കെ ഭക്ഷണം കൊണ്ട് തരുന്ന വണ്ടി ആയിരിക്കും ..! ആർക്കറിയാം.

കുറെ നേരമായി ..ശബ്ദം ഒന്നും കേൾക്കുന്നില്ല. അമ്മയെയും കാണുന്നില്ല..!

നേരത്തെ അങ്ങോട്ട് പോയ ഭക്ഷണവണ്ടി തിരിച്ച്  വരുന്നുണ്ടല്ലോ..എനിക്ക് ഭക്ഷണം തരാൻ ആയിരിക്കുമോ ? എനിക്കുള്ള ഭക്ഷണം അമ്മ കൊണ്ട് വന്ന് തരാം എന്നാ പറഞ്ഞിട്ടുള്ളത്. ഞാൻ ഒറ്റയ്ക്ക് ഭക്ഷണം തേടാൻ പോകാറായില്ലത്രേ .. 

അമ്മയല്ലേ ആ വണ്ടിയിൽ നിന്ന് എത്തി നോക്കുന്നത്. കൂട്ടുകാരും ഉണ്ടല്ലോ ? ഇവർ എവിടെയാ പോകുന്നത് ? എനിക്ക് വയർ നിറയെ ഭക്ഷണം കൊണ്ട് വന്ന്  തരാൻ ആയിരിക്കും..! അമ്മയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടോ ?

ഇല്ല...എനിക്ക് തോന്നിയതായിരിക്കും.. അമ്മ ഓടി ക്ഷീണിച്ചത് കൊണ്ടാണ്.

അമ്മ വേഗം തന്നെ തിരിച്ചു വരും...ഞാൻ ഇവിടെ ഒറ്റക്കാണെന്ന് അമ്മയ്ക്കറിയാല്ലോ....

 

2022 നവംബർ 10, വ്യാഴാഴ്‌ച

അമ്മ : (പാഠം 1)


അമ്മ

വല്ലാതെ വിശക്കുന്നല്ലോ...

അമ്മ എവിടെ? ഞാൻ ഒന്ന് ഉറങ്ങിയപ്പോഴേക്കും അമ്മ പോയോ?

എന്തെങ്കിലും ഭക്ഷണം തേടി പോയതായിരിക്കും. ഇന്നലെ ആണ് ആദ്യമായി അമ്മ എനിക്ക് തിന്നാൻ ഒരു സാധനം തന്നത്. 'ഇറച്ചി' എന്നാണ് 'അമ്മ പറഞ്ഞത്.

അമ്മിഞ്ഞ മാത്രം കുടിച്ചിരുന്ന എനിക്ക് അത് ഇഷ്ടമായില്ല. മനുഷ്യർ തിന്നുന്ന സാധനം ആണെന്നാ അമ്മ പറഞ്ഞത്. വല്ലാതെ എരിവും പിന്നെ എന്തൊക്കെയോ രുചികളും!

എനിക്കിഷ്ടമായില്ല.അമ്മിഞ്ഞക്ക് എന്ത് മധുരം ആണെന്നോ.! പക്ഷെ അമ്മ പറഞ്ഞത് എന്നും അമ്മിഞ്ഞ മാത്രം കുടിച്ചാൽ പോരാ ഇത് പോലെയുള്ള ഭക്ഷണങ്ങളും കഴിക്കണം എന്നാ...!

എന്നാലേ ശൗര്യം വരൂ അത്രേ !

കഴിഞ്ഞ ദിവസം ഒരു മനുഷ്യക്കുട്ടി എന്നെ കണ്ട് അടുത്ത് വന്നപ്പോൾ അമ്മ ശൗര്യത്തോടെ കുരച്ച് കുട്ടിയെ ഓടിക്കുന്നത് കണ്ടു. കുട്ടി വല്ലാതെ പേടിച്ച് പോയി...!

കുട്ടി ഇറച്ചി കഴിക്കുന്നുണ്ടാവില്ല. അതാ അമ്മയുടെ ശൗര്യം കണ്ട് പേടിച്ചോടിയത്. പാവം കരഞ്ഞു കൊണ്ട് ഓടുമ്പോൾ താഴെ വീണു. കാലൊക്കെ പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു.

അമ്മ നല്ല സ്നേഹം ഉള്ള അമ്മ ആണെന്ന് കുട്ടിക്ക് അറിയില്ലല്ലോ .. എന്നോടുള്ള സ്നേഹം കൊണ്ടാണ് അമ്മ കുട്ടിയെ പേടിപ്പിച്ചത്.

കുട്ടിയുടെ അച്ഛനും അമ്മയും പിന്നെയും ആരൊക്കെയോ അവിടെ കൂടി നിന്ന് വർത്തമാനം പറയുന്നുണ്ടായിരുന്നു. പോലീസ് ,പത്രക്കാര് എന്നൊക്കെ അമ്മ പറയുന്നുണ്ടായിരുന്നു. 'പേപ്പട്ടി' എന്നൊക്കെ പറയുന്നത് കേട്ടു.

 എൻ്റെ പേര് 'പട്ടിക്കുട്ടി' എന്നാണെന്നാ അമ്മ പറഞ്ഞത്. 'പേപ്പട്ടി' എന്താണാവോ? 'അമ്മ വരുമ്പോൾ ചോദിക്കണം.

അമ്മ എവിടെ ? ഞാൻ ഇവിടെ ഒറ്റക്കാണെന്ന് അറിയില്ലേ? നന്നായി വിശക്കുന്നുണ്ട്  !  ഇവിടെ നിന്ന് എവിടെയും പോകരുത് എന്ന് അമ്മ പറഞ്ഞിട്ടുണ്ട് . അല്ലെങ്കിൽ "അമ്മ എവിടെ" എന്ന് പോയി നോക്കാമായിരുന്നു.

അമ്മ പറയുന്നത് അനുസരിക്കണം എന്നാ പറഞ്ഞിട്ടുള്ളത് .

കരച്ചിലും വരുന്നുണ്ട്. അമ്മ ഇല്ലാത്തപ്പോൾ ഒച്ച ഉണ്ടാക്കരുത്,  അത് കേട്ട് ആരേലും വന്നാൽ കുഴപ്പം ആകും എന്നാ പറഞ്ഞിട്ടുള്ളത് .അമ്മ വരുന്നത് വരെ ഒന്നൂടെ ഉറങ്ങാം.