2023 നവംബർ 25, ശനിയാഴ്‌ച

ഏട്ടൻ


ഏട്ടൻ.


ഇന്നെന്താണ് ഇവിടെ ഇത്ര ബഹളം

ഇന്ന് ആരും പുറത്ത് പോയിട്ടില്ല. എന്തൊക്കെയോ നല്ല പലഹാരങ്ങൾ ഉണ്ടാക്കുന്ന നല്ല രുചിയുള്ള, കൊതിപ്പിക്കുന്ന മണം വരുന്നുണ്ട്. എല്ലാവരും സന്തോഷത്തിലാണ്.

മുൻവശത്തെ വീട്ടിലെ അമ്മച്ചി, ചേച്ചിയോട് ചോദിക്കുന്നത് കേട്ടു..

"ഏട്ടൻ എത്ര മണിക്കാണ് എത്തുക മോളെ?"

അപ്പൊ അതാണ് കാര്യം. ഏട്ടൻ വരുന്നുണ്ട്.! ഏട്ടന് പട്ടാളത്തിൽ ആണ് ജോലി. ഞാൻ ഇത് വരെ ഏട്ടനെ കണ്ടിട്ടില്ല, ഞാൻ വരുമ്പോൾ ഏട്ടൻ പട്ടാളത്തിലാണല്ലോ. പട്ടാളക്കാരെ ഞാൻ കണ്ടിട്ടുണ്ട്.

അമ്മ കൂടെ ഉണ്ടായിരുന്നപ്പോൾ.

അന്ന്, അവിടെ എന്തൊക്കെയോ കുഴപ്പങ്ങൾ നടക്കുന്നുണ്ടായിരുന്നു.

ആളുകൾ ബഹളം വച്ച് കൊണ്ട് കൂട്ടമായി ഓടി വരികയും, മുൻപിൽ കാണുന്നതൊക്കെ തല്ലി തകർത്തു കളയുകയും, തീ വയ്ക്കുകയും ഒക്കെ ചെയ്തു കൊണ്ടിരുന്നു. വർഗീസ് മാപ്പിളയുടെ കടയും അവർ കത്തിച്ചു കളഞ്ഞു. പിന്നെ രണ്ടു മൂന്ന് ദിവസം ആരും പുറത്തിറങ്ങിയില്ല. എനിക്ക് ഭക്ഷണം പോലും കിട്ടിയില്ല. "ബന്ദ്" എന്നാണ് അമ്മ പറഞ്ഞത്. അമ്മ എന്നെ ചേർത്ത് പിടിച്ചു കൊണ്ട് ആ പഴയ കെട്ടിടത്തിന്റെ പുറകിൽ ഒളിച്ചിരുന്നു.

"ഏക്-ദോ, ഏക് -ദോ" എന്ന് ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് ഞാൻ പുറത്തേക്ക് എത്തി നോക്കിയത്. കുറെ ആളുകൾ, ഒരേ നിറത്തിലുള്ള ഉടുപ്പൊക്കെ ഉടുത്ത്, കൈയിൽ നീളത്തിൽ ഉള്ള ഒരു വടിയുമായി, ഒരേ താളത്തിൽ നടന്നു പോകുന്നു.

അത് "പട്ടാളക്കാർ" ആണെന്ന് അമ്മ പറഞ്ഞു തന്നു. കൈയിൽ തോക്ക് ആണ്. പുറത്ത് ബഹളം വയ്ക്കുന്നവരെ കണ്ടാൽ അവർ വെടി വയ്ക്കും.

ഏട്ടൻ പട്ടാളക്കാരൻ ആണ്. തോക്ക് ഉണ്ടാകുമോ? ഏട്ടന് എന്നെ മനസ്സിലാകുമോ ആവോ. ഇനി മനസിലായില്ല എങ്കിൽ വെടി വച്ചാലോ! എന്തായാലും നല്ല കുട്ടിയായി ഇരിക്കാം. 


2023 ജൂൺ 30, വെള്ളിയാഴ്‌ച

ഇറച്ചി : (പാഠം 3)


ഇറച്ചി

 

എന്തോ നല്ല മണം വരുന്നുണ്ടല്ലോ ? 

ഉറക്കം ഉണർന്നത് നല്ല മണം മൂക്കിൽ അടിച്ചിട്ടാണ് . മുൻപിലെ വീട്ടിലെ അപ്പച്ചൻ വരുന്നുണ്ട് .

കൈയിൽ ഒരു  പാത്രത്തിൽ ചോറും പിന്നെ നല്ല മണം ഉള്ള കറിയും. ഇറച്ചിക്കറി ആണ്. 

അമ്മ ഇറച്ചിക്കടയിൽ നിന്ന് കടിച്ചെടുത്തോണ്ട് വരുന്ന എല്ലിൻ കഷ്ണം അല്ല, വർഗീസ് മാപ്പിളയുടെ കടയുടെ പിന്നിൽ എച്ചിൽ കൂനയിൽ നിന്ന് കിട്ടുന്ന ചോറിലെ ഇറച്ചിയുടെ മണം ! 

നല്ല രുചിയുണ്ട് . ഇവിടെ വന്നതിനു ശേഷം ഇറച്ചിയും മീനും ഒക്കെ കിട്ടുന്നത് അപ്പച്ചൻ്റെ വീട്ടിൽ നിന്നാണ്. എൻ്റെ വീട്ടിൽ  ഉള്ളവർ ഇതൊന്നും ഉണ്ടാക്കാറില്ല .

ഞാൻ ഇവിടെ എങ്ങിനെ എത്തി എന്ന് പറഞ്ഞില്ല അല്ലേ ?

അമ്മയും കൂട്ടുകാരും വണ്ടിയിൽ കയറി പോയതിനു ശേഷം കുറെ നേരമായിട്ടും തിരിച്ചു വരുന്നത് കാണാഞ്ഞപ്പോൾ ഞാൻ ശബ്ദമുണ്ടാക്കാതെ കരഞ്ഞ്  കരഞ്ഞ് ഉറങ്ങി പോയി. വലിയ വിശപ്പോടെ ആണ് എഴുന്നേറ്റത്. അമ്മ തിരിച്ചു വന്നിട്ടില്ല. വർഗീസ് മാപ്പിളയുടെ കടയുടെ പിന്നിലേക്ക് മെല്ലെ നടന്നു ചെന്നു. അവിടെ എച്ചിൽ കൂനയിൽ എന്തെങ്കിലും കിട്ടാതിരിക്കില്ല. ആർത്തിയോടെ ഓടി ചെന്ന എന്നെ അമ്മയുടെ കൂട്ടുകാരിൽ ചിലർ കണ്ടു.  അവർ എൻ്റെ നേരെ കുരച്ചു കൊണ്ട് കടിക്കാൻ വരുന്നല്ലോ..! 

അവർക്കെന്നെ അറിയില്ലേ? ഞാൻ അവരുടെ കൂട്ടുകാരിയുടെ മോനാണെന്ന് അവർക്ക് അറിയില്ലേ ?

ആരോ അവരെ കല്ലെറിഞ്ഞോടിക്കുന്നുണ്ടല്ലോ .. ഒരു കുട്ടിയും അവന്ൻ്റെ അച്ഛനുമാണ് .

"പാവം, നല്ല ഭംഗിയുള്ള പട്ടിക്കുട്ടി" അച്‌ഛാ നമുക്കിവനെ വീട്ടിൽ കൊണ്ട് പോയാലോ ?

അങ്ങിനെ അവൻ്റെ കൂടെ അന്ന് വന്നതാണിവിടെ , ഈ വീട്ടിൽ . എല്ലാവര്ക്കും എന്നെ ഭയങ്കര ഇഷ്ടമാണ് . ഇപ്പോൾ എത്ര നാൾ ആയി എന്നൊന്നും ഓർമയില്ല . 

ചോറ് , ചപ്പാത്തി, പാൽ , മുട്ട എല്ലാം വയറു നിറയെ തരും .ആദ്യമൊക്കെ ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോ , പാൽ ഒരു കുപ്പിയിലാക്കി  ആയിരുന്നു തരുന്നത്. ഞാൻ ഇപ്പോൾകുറെ വലുതായി.

പ്ലേറ്റിൽ നിന്ന് പാൽ കുടിക്കാൻ പഠിച്ചു. എനിക്കിവിടെ സ്വന്തമായൊരു പ്ലേറ്റ് ഒക്കെയുണ്ട് . കിടക്കാൻ നല്ല പതുപതുത്ത ഒരു മെത്തയും. എനിക്ക് കഴുത്തിൽ ഭംഗിയുള്ള ഒരു ബെൽറ്റ് ഒക്കെ കെട്ടി തന്നിട്ടുണ്ട്. 

അമ്മ കൂടെ ഉള്ള സമയത്ത് അവിടെ ഒരു ഗേറ്റിന് പിന്നിൽ ഞങ്ങളുടെ കൂട്ടത്തിൽ പെട്ട ഒരു ഭയങ്കരൻ ഉണ്ടായിരുന്നു. അമ്മ പറഞ്ഞത് അവൻ അവിടത്തെ കാവൽക്കാരൻ ആണെന്നാ. നമ്മുടെ കൂട്ടത്തിൽ ആണെങ്കിലും അവനു  സ്നേഹം നമ്മളോടല്ല പോലും. എല്ലാർക്കും അവനെ പേടിയായിരുന്നു.

അവന് കഴുത്തിൽ ഒരു ബെൽറ്റ് ഉണ്ടായിരുന്നു. 

എൻ്റെ കഴുത്തിലും ഇപ്പോൾ ബെൽറ്റ് ഉണ്ടല്ലോ.. ഇപ്പോൾ എല്ലാര്ക്കും എന്നെയും കുറച്ച് പേടിയാ .എന്ന് വച്ച് ഈ വീട്ടിലെയും അപ്പച്ചൻ്റെ വീട്ടിലെയും ആർക്കും എന്നെ പേടിയില്ല കേട്ടോ ! തന്നെയുമല്ല , എന്നെ ഒരു പാട് ഇഷ്ടവുമാണ് .

വിശേഷങ്ങൾ പറഞ്ഞു പറഞ്ഞു വിശപ്പ് മറന്നു പോയി . ഞാൻ ഇറച്ചിക്കറിയും ചോറും കഴിക്കട്ടെ കേട്ടോ, ബാക്കി വിശേഷങ്ങൾ പിന്നെ പറയാം.

അമ്മ കഴിച്ചു കാണുമോ ആവോ ?!

2023 ജൂൺ 29, വ്യാഴാഴ്‌ച

ഉജ്ജ്വല !


ഉജ്ജ്വല  !


ഉയ്യെന്റപ്പാ... ഈ പെണ്ണിതെത്ര ഇലയാ ആടിന് കൊടുത്തത്.? ഇവളെ ഇന്ന് ഞാൻ....!

അമ്മമ്മയുടെ ഉച്ചത്തിലുള്ള ശകാരം കേട്ട് കൊണ്ട് കിണറ്റുകരയിൽ കാൽ കഴുകുന്ന ഞാൻ എത്തി നോക്കി.

അമ്മമ്മ പീടികയിൽ നിന്ന് ജാനുവേടത്തിയോടൊപ്പം വർത്തമാനം പറഞ്ഞു കൊണ്ട് തിരിച്ചു വരുന്ന ശബ്ദം കേട്ട് ദേവകി ഏച്ചിയുടെ പറമ്പിൽ നിന്ന് ഓടി കിതച്ചു വരികയായിരുന്നു ഞാൻ. ദേവകി ഏച്ചിയുടെ പറമ്പിലെ മധുര പുളി എന്തൊരു രുചിയാണെന്നോ തിന്നാൻ. അമ്മമ്മ അറിഞ്ഞാൽ വഴക്ക് പറയും.

പീടികയിൽ പോകുമ്പോൾ  "എണേ, ഉജ്ജ്വലക്ക് പ്ലാവില കൊടുക്കണേ" എന്ന് അമ്മമ്മ പറഞ്ഞിരുന്നു.

അമ്മമ്മ പോയ ഉടൻ ദേവകിയേച്ചിയുടെ പറമ്പിലേക്ക്ഓടുകയായിരുന്നു.

എന്തൊക്കെ തരം പഴങ്ങളാ അവിടെ.... പൂച്ചപഴം,ബിലിമ്പിക്ക, പൊട്ടിപ്പഴം അങ്ങിനെ എന്തൊക്കെയോ....

അതൊക്കെ വയർ ചീത്തയാക്കും എന്ന് പറഞ്ഞ് തിന്നാൻ വിടാറില്ല അമ്മമ്മ.

സമയം പോയത് അറിഞ്ഞില്ല.അമ്മമ്മയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് തിരിച്ചോടിയത്. വരുന്ന വരവിൽ ഒരു കെട്ട് പ്ലാവില എടുത്ത് ഉജ്ജ്വലക്ക് കൊടുത്തു... ഞാൻ മധുരപുളി പെറുക്കാൻ പോയത് അമ്മമ്മയോട് പറയല്ലേ എന്നും പറഞ്ഞു.

അമ്മമ്മ വരുമ്പോൾ കണ്ടത് ഉജ്ജ്വല  അപ്പോഴും പ്ലാവില തിന്ന് കൊണ്ട് നിൽക്കുന്നതാണ്.  ഞാൻ നേരത്തെ കൊടുക്കാത്തത് കൊണ്ടാണ് ഇല  തിന്ന് തീരാത്തത് എന്ന് അറിയാതെ അമ്മമ്മ അവളുടെ മുന്നിൽ നിന്ന് എന്നെ ശകാരിച്ച് കൊണ്ട്  ഇല എടുത്ത് മാറ്റി.

പാവം ഉജ്ജ്വല ..എന്നെ നോക്കുന്നുണ്ട്..

സാരമില്ലാട്ടോ. അമ്മമ്മ നാമം ജപിക്കുമ്പോൾ ഞാൻ എടുത്ത് തരാം.. നിനക്ക് നല്ല പച്ച പ്ലാവില..!

അമ്മമ്മയോട് പറയല്ലേ.. 🤫