അമ്മ
വല്ലാതെ വിശക്കുന്നല്ലോ...
അമ്മ
എവിടെ? ഞാൻ ഒന്ന് ഉറങ്ങിയപ്പോഴേക്കും
അമ്മ പോയോ?
എന്തെങ്കിലും ഭക്ഷണം തേടി പോയതായിരിക്കും. ഇന്നലെ
ആണ് ആദ്യമായി അമ്മ എനിക്ക് തിന്നാൻ
ഒരു സാധനം തന്നത്. 'ഇറച്ചി' എന്നാണ് 'അമ്മ പറഞ്ഞത്.
അമ്മിഞ്ഞ
മാത്രം കുടിച്ചിരുന്ന എനിക്ക് അത് ഇഷ്ടമായില്ല. മനുഷ്യർ
തിന്നുന്ന സാധനം ആണെന്നാ അമ്മ പറഞ്ഞത്. വല്ലാതെ
എരിവും പിന്നെ എന്തൊക്കെയോ രുചികളും!
എനിക്കിഷ്ടമായില്ല.അമ്മിഞ്ഞക്ക് എന്ത് മധുരം ആണെന്നോ.! പക്ഷെ അമ്മ പറഞ്ഞത് എന്നും
അമ്മിഞ്ഞ മാത്രം കുടിച്ചാൽ പോരാ ഇത് പോലെയുള്ള
ഭക്ഷണങ്ങളും കഴിക്കണം എന്നാ...!
എന്നാലേ
ശൗര്യം വരൂ അത്രേ !
കഴിഞ്ഞ
ദിവസം ഒരു മനുഷ്യക്കുട്ടി എന്നെ
കണ്ട് അടുത്ത് വന്നപ്പോൾ അമ്മ ശൗര്യത്തോടെ കുരച്ച്
ആ കുട്ടിയെ ഓടിക്കുന്നത് കണ്ടു. ആ കുട്ടി വല്ലാതെ
പേടിച്ച് പോയി...!
ആ കുട്ടി ഇറച്ചി കഴിക്കുന്നുണ്ടാവില്ല. അതാ അമ്മയുടെ ശൗര്യം
കണ്ട് പേടിച്ചോടിയത്. പാവം കരഞ്ഞു കൊണ്ട്
ഓടുമ്പോൾ താഴെ വീണു. കാലൊക്കെ
പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു.
അമ്മ
നല്ല സ്നേഹം ഉള്ള അമ്മ ആണെന്ന്
ആ കുട്ടിക്ക് അറിയില്ലല്ലോ .. എന്നോടുള്ള സ്നേഹം കൊണ്ടാണ് അമ്മ ആ കുട്ടിയെ
പേടിപ്പിച്ചത്.
ആ കുട്ടിയുടെ അച്ഛനും അമ്മയും പിന്നെയും ആരൊക്കെയോ അവിടെ കൂടി നിന്ന് വർത്തമാനം
പറയുന്നുണ്ടായിരുന്നു. പോലീസ് ,പത്രക്കാര് എന്നൊക്കെ അമ്മ പറയുന്നുണ്ടായിരുന്നു. 'പേപ്പട്ടി' എന്നൊക്കെ
പറയുന്നത് കേട്ടു.
എൻ്റെ പേര് 'പട്ടിക്കുട്ടി' എന്നാണെന്നാ അമ്മ പറഞ്ഞത്. 'പേപ്പട്ടി'
എന്താണാവോ? 'അമ്മ വരുമ്പോൾ ചോദിക്കണം.
അമ്മ
എവിടെ ? ഞാൻ ഇവിടെ ഒറ്റക്കാണെന്ന്
അറിയില്ലേ? നന്നായി വിശക്കുന്നുണ്ട് ! ഇവിടെ നിന്ന് എവിടെയും പോകരുത് എന്ന് അമ്മ പറഞ്ഞിട്ടുണ്ട് . അല്ലെങ്കിൽ
"അമ്മ എവിടെ" എന്ന് പോയി നോക്കാമായിരുന്നു.
അമ്മ പറയുന്നത് അനുസരിക്കണം എന്നാ പറഞ്ഞിട്ടുള്ളത് .
കരച്ചിലും വരുന്നുണ്ട്. അമ്മ ഇല്ലാത്തപ്പോൾ ഒച്ച ഉണ്ടാക്കരുത്, അത് കേട്ട് ആരേലും വന്നാൽ കുഴപ്പം ആകും എന്നാ പറഞ്ഞിട്ടുള്ളത് .അമ്മ
വരുന്നത് വരെ ഒന്നൂടെ ഉറങ്ങാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ