2023 ജൂൺ 29, വ്യാഴാഴ്‌ച

ഉജ്ജ്വല !


ഉജ്ജ്വല  !


ഉയ്യെന്റപ്പാ... ഈ പെണ്ണിതെത്ര ഇലയാ ആടിന് കൊടുത്തത്.? ഇവളെ ഇന്ന് ഞാൻ....!

അമ്മമ്മയുടെ ഉച്ചത്തിലുള്ള ശകാരം കേട്ട് കൊണ്ട് കിണറ്റുകരയിൽ കാൽ കഴുകുന്ന ഞാൻ എത്തി നോക്കി.

അമ്മമ്മ പീടികയിൽ നിന്ന് ജാനുവേടത്തിയോടൊപ്പം വർത്തമാനം പറഞ്ഞു കൊണ്ട് തിരിച്ചു വരുന്ന ശബ്ദം കേട്ട് ദേവകി ഏച്ചിയുടെ പറമ്പിൽ നിന്ന് ഓടി കിതച്ചു വരികയായിരുന്നു ഞാൻ. ദേവകി ഏച്ചിയുടെ പറമ്പിലെ മധുര പുളി എന്തൊരു രുചിയാണെന്നോ തിന്നാൻ. അമ്മമ്മ അറിഞ്ഞാൽ വഴക്ക് പറയും.

പീടികയിൽ പോകുമ്പോൾ  "എണേ, ഉജ്ജ്വലക്ക് പ്ലാവില കൊടുക്കണേ" എന്ന് അമ്മമ്മ പറഞ്ഞിരുന്നു.

അമ്മമ്മ പോയ ഉടൻ ദേവകിയേച്ചിയുടെ പറമ്പിലേക്ക്ഓടുകയായിരുന്നു.

എന്തൊക്കെ തരം പഴങ്ങളാ അവിടെ.... പൂച്ചപഴം,ബിലിമ്പിക്ക, പൊട്ടിപ്പഴം അങ്ങിനെ എന്തൊക്കെയോ....

അതൊക്കെ വയർ ചീത്തയാക്കും എന്ന് പറഞ്ഞ് തിന്നാൻ വിടാറില്ല അമ്മമ്മ.

സമയം പോയത് അറിഞ്ഞില്ല.അമ്മമ്മയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് തിരിച്ചോടിയത്. വരുന്ന വരവിൽ ഒരു കെട്ട് പ്ലാവില എടുത്ത് ഉജ്ജ്വലക്ക് കൊടുത്തു... ഞാൻ മധുരപുളി പെറുക്കാൻ പോയത് അമ്മമ്മയോട് പറയല്ലേ എന്നും പറഞ്ഞു.

അമ്മമ്മ വരുമ്പോൾ കണ്ടത് ഉജ്ജ്വല  അപ്പോഴും പ്ലാവില തിന്ന് കൊണ്ട് നിൽക്കുന്നതാണ്.  ഞാൻ നേരത്തെ കൊടുക്കാത്തത് കൊണ്ടാണ് ഇല  തിന്ന് തീരാത്തത് എന്ന് അറിയാതെ അമ്മമ്മ അവളുടെ മുന്നിൽ നിന്ന് എന്നെ ശകാരിച്ച് കൊണ്ട്  ഇല എടുത്ത് മാറ്റി.

പാവം ഉജ്ജ്വല ..എന്നെ നോക്കുന്നുണ്ട്..

സാരമില്ലാട്ടോ. അമ്മമ്മ നാമം ജപിക്കുമ്പോൾ ഞാൻ എടുത്ത് തരാം.. നിനക്ക് നല്ല പച്ച പ്ലാവില..!

അമ്മമ്മയോട് പറയല്ലേ.. 🤫

അഭിപ്രായങ്ങളൊന്നുമില്ല: